
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും ആരോപണമുയരുന്നു. ആശുപത്രിക്കെതിരെ ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടു, കോവിഡ് നെഗറ്റീവായ വിവരം ബന്ധുക്കളെ വൈകിയാണ് അറിയിച്ചതെന്നും മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു.
പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ ജൂലൈ 20നാണ് കളമശേരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞതോടെ രാധാമണി ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിച്ചു. അന്ന് തന്നെ കോവിഡ് ബാധിതയല്ലെന്ന പരിശോധനാഫലവും വന്നു.
ഇതോടെ വിദഗ്ധ ചികില്‍സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് രാധാമണി മരിച്ചത്. കോവിഡില്ലെങ്കിലും സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരമാകണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. കോവിഡ് പരിശോധനാഫലം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികില്‍സ നല്‍കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.
മൃതദേഹത്തിനൊപ്പം ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ മുഴുവന്‍ ആഭരണങ്ങളും ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് നേരത്തേ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. ഇതോടെയാണ് കുടുംബം ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.