പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കാർഷിക പരിഷ്കരണ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കാർഷിക പരിഷ്കരണ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി: പ്രതിഷേധം ഉയരുന്നതിനിടെ കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്.

സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച്‌ വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ബില്ല് എത്തുന്നതോടെ രാജ്യസഭയില്‍ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഹരിയാനയിലെ റോത്തഖിലും പല്‍വലിലും ഇന്ന് കര്‍ഷക റാലികള്‍ നടക്കും.

Related Stories

Anweshanam
www.anweshanam.com