നീറ്റ്-ജെഇഇ പരീക്ഷ; ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Top News

നീറ്റ്-ജെഇഇ പരീക്ഷ; ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

News Desk

News Desk

ന്യൂ ‍ഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വിഷയത്തില്‍ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 28 നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥികളുടെ വളരെ നിര്‍ണായകമായ വര്‍ഷം പാഴാക്കാനാവില്ലെന്നും ജീവിതം മുന്നോട്ട് പോകണമെന്നുമാണ് സുപ്രീംകോടതി നേരത്തെ ഉത്തരവില്‍ പറഞ്ഞിരുന്നത്. പരീക്ഷ മാറ്റിവയ്ക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു.

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

Anweshanam
www.anweshanam.com