നീറ്റ്-ജെഇഇ പരീക്ഷ; കേന്ദ്രത്തിനെതിരെ ബിജെപി എം പി

നീറ്റ്-ജെ.ഇ.ഇ പരീക്ഷ കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പിയായ സുബ്രമണ്യന്‍ സ്വാമി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
നീറ്റ്-ജെഇഇ പരീക്ഷ; കേന്ദ്രത്തിനെതിരെ ബിജെപി എം പി

ന്യൂഡൽഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി കേന്ദ്ര സര്‍ക്കാറുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍. പരീക്ഷയുമായി ബന്ധപ്പെട്ട് സുബ്രമണ്യന്‍ സ്വാമി ഉയര്‍ത്തിയ ആരോപണത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. വ്യാഴാഴ്ച ഇതിന് മറുപടിയുമായി സുബ്രമണ്യം സ്വാമി രംഗത്തെത്തിയതോടെ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.

നീറ്റ്-ജെ.ഇ.ഇ പരീക്ഷ കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പിയായ സുബ്രമണ്യന്‍ സ്വാമി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രം ചെയ്തത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെ ജെ.ഇ.ഇ പരീക്ഷ നടത്തുകയും ചെയ്തു.

18 ലക്ഷം വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തുവെന്നും എന്നാല്‍ എട്ട് ലക്ഷം പേര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ കണക്കുകള്‍ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ രംഗത്തെത്തി. 8.58 ലക്ഷം പേര്‍ മാത്രമാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിച്ചതെന്നും താങ്കള്‍ പറഞ്ഞ 18 ലക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിന് മറുപടിയായി കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുമായാണ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയത്. 660 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതാന്‍ 9,53,473 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കണക്ക് പ്രകാരം ഇത് 8.58 ലക്ഷം മാത്രമാണ്. ആരുടെ കണക്കാണ് ഔദ്യോഗികമെന്നും സ്വാമി ട്വീറ്റില്‍ പരിഹസിച്ചു. ഇതോടെ, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിലെ തമ്മിലടി രൂക്ഷമായി.

13ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെയും നിരവധി വിഷയങ്ങളില്‍ ബി.ജെ.പി നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാടുമായി സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി ഐ.ടി സെല്ലിനെതിരെയും സുബ്രമണ്യന്‍ സ്വാമി രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ബി.ജെ.പി. ഐ.ടി സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐ.ഡിയില്‍നിന്ന് ട്വീറ്റുകള്‍ ചെയ്ത് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഐ.ടി സെല്‍ ചെയ്യുന്ന തെമ്മാടിത്തരം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതുപോലെ എന്‍റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്കും കഴിയില്ല -അദ്ദേഹം ട്വീറ്റ് ചെയ്തു.

ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുമായും സ്വാമി കൊമ്ബുകോര്‍ത്തിരിക്കുകയാണ്. അമിത് മാളവ്യയെ ഐ.ടി സെല്‍ തലവന്‍ സ്ഥാനത്തു നിന്ന് വ്യാഴാഴ്ചക്കകം മാറ്റണമെന്നും അല്ലെങ്കില്‍ തന്‍റേതായ നിലയില്‍ പ്രതിരോധ മാര്‍ഗം തേടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വാമിക്ക് മറുപടിയായുള്ള രമേശ് പൊഖ്രിയാലിന്‍റെ ട്വീറ്റ് അമിത് മാളവ്യ പങ്കുവെച്ചത് ഇരുവരും തമ്മിലുള്ള സ്പര്‍ധ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com