നെടുങ്കണ്ടം കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു; പൊലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു; പൊലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: നെടുങ്കണ്ടം രാജ് കുമാര്‍ കസ്റ്റഡി മരണകേസില്‍ പൊലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡിയിലുണ്ടായ മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു. നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു.

തെളിവുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. 2019 ജൂൺ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു.

ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച്‌ പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം.

എന്നാല്‍ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റും ചെയ്തു.

എന്നാല്‍ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com