ബിഹാറില്‍ പുതിയ മന്ത്രിസഭ: എന്‍ഡിഎ നേതൃയോഗം ഇന്ന്

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും.
ബിഹാറില്‍ പുതിയ മന്ത്രിസഭ: എന്‍ഡിഎ നേതൃയോഗം ഇന്ന്

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് എന്‍ഡിഎ സംസ്ഥാന നേതൃയോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അവകാശവാദം ഉന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം ചേരുക. എംഎല്‍എമാര്‍ക്ക് പുറമെ, മുന്നണിയിലെ എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, വകുപ്പുകള്‍ തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും.

പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രധാനപ്പെട്ട വകുപ്പുകള്‍ ബിജെപി എറ്റെടുക്കും. തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ഘടനയും താനാകും അന്തിമമായി തീരുമാനിക്കുക എന്ന് നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇത് സാധ്യമല്ലെന്ന് സൂചന നല്‍കുന്ന പ്രതികരണം ബിജെപിയും അറിയിച്ചു. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താണ് ഇരു പാര്‍ട്ടികളുടെയും ഇപ്പോഴത്തെ തീരുമാനം.

അതേസമയം, എന്‍ഡിഎയിലെ ഘടക കക്ഷികളെ മുന്നണിയില്‍ എത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആര്‍ജെഡി- കോണ്‍ഗ്രസ് നീക്കത്തെ ഇടത് പാര്‍ട്ടികള്‍ തള്ളി. ഇത്തരം ഒരു നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിജെപിക്ക് ഗുണം ആകും എന്ന ഇടത് പാര്‍ട്ടികള്‍ അര്‍ജെഡിയെയും കോണ്‍ഗ്രസിനെയും അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com