എൻസിപി പിളർപ്പിലേക്ക്; മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച

പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് വേണമെന്ന ആവശ്യം പീതാംബരനും കാപ്പനും ഉന്നയിക്കും
എൻസിപി പിളർപ്പിലേക്ക്; മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: എന്‍സിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. എൻസിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ചർച്ച. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും എ കെ ശശീന്ദ്രനും മാണി സി കാപ്പനുമായാണ് പിണറായി വിജയന്‍ന്റെ ചര്‍ച്ച.

പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് വേണമെന്ന ആവശ്യം പീതാംബരനും കാപ്പനും ഉന്നയിക്കും. സീറ്റ് ചര്‍ച്ച പിന്നീടാകാമെന്നാകും മുഖ്യമന്ത്രിയുടെ നിലപാട്. ഉറപ്പില്ലെങ്കില്‍ പീതാംബരനു കാപ്പനും ഉള്‍പ്പെടുന്ന എന്‍സിപി എല്‍ഡിഎഫ് വിടാനുള്ള നീക്കത്തിലേക്ക് പോകും.

എന്നാൽ, എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രി ശശീന്ദ്രനും കാപ്പനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലാ സീറ്റില്‍ ഉറപ്പ് നല്‍കിയിരുന്നില്ല.

അന്തരിച്ച കെ എം മാണി കാലങ്ങളായി വിജയിച്ചുവന്നിരുന്ന പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണ ശേഷം എൽഡിഎഫിന് വേണ്ടി മാണി സി കാപ്പൻ നേടുകയായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകുന്നതാണ് പ്രശനങ്ങൾ വഷളാക്കിയത്. എല്‍ഡിഎഫിലേക്കെത്തിയ ജോസ് പക്ഷം അഭിമാന പ്രശ്‌നമായി കാണുന്ന മണ്ഡലമാണ് പാലാ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com