എൻസിപി തർക്കത്തിൽ കേന്ദ്ര നേതൃത്വം: നാല് സീറ്റും കിട്ടിയില്ലെങ്കിൽ യുഡിഎഫിലേക്കെന്ന് ശരത് പവാർ

പ്രഫുല്‍ പട്ടേല്‍ അടുത്തയാഴ്ച കേരളത്തിലെത്തും
എൻസിപി തർക്കത്തിൽ കേന്ദ്ര നേതൃത്വം: നാല് സീറ്റും കിട്ടിയില്ലെങ്കിൽ യുഡിഎഫിലേക്കെന്ന് ശരത് പവാർ

തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. കേരളത്തിലെ നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ഉടന്‍ ചര്‍ച്ച നടത്തും. ഇതിനായി പ്രഫുല്‍ പട്ടേല്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ശശീന്ദ്രന്‍ ബുധനാഴ്ച ശരത് പവാറിനെ കാണും. മാണി സി കാപ്പനും പവാറിനെ കാണാന്‍ നിശ്ചയിച്ചിട്ടുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ നാല് സിറ്റിംഗ് സീറ്റും എൻസിപിക്ക് തന്നെ വേണമെന്ന് ശരത് പവാർ വ്യക്തമാക്കി. നാല് സീറ്റും ലഭിച്ചില്ലെങ്കിൽ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുമെന്നും ശരത് പവാർ അറിയിച്ചു.

പാലാ സീറ്റ് കൈവിട്ടുകളയുന്നതില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് എതിര്‍പ്പുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചന. പാല വിട്ടുകൊടുക്കേണ്ടി വന്നാല്‍ പാര്‍ട്ടി യുഡിഎഫിലേക്ക് പോകുന്നതില്‍ ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്.

നിലവില്‍ മന്ത്രിപദവിയുള്ള എ കെ ശശീന്ദ്രനും പക്ഷത്തിനും എല്‍ഡിഎഫ് വിടുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളത്. അങ്ങനെയെങ്കില്‍ എന്‍സിപി പിളരുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. മന്ത്രി എകെ ശശീന്ദ്രന്‍ ജയിച്ച എലത്തൂര്‍ മണ്ഡലം കിട്ടുമോ എന്നത് മാത്രമല്ല, ആ പക്ഷത്തിന്‍റെ ആശങ്ക. എല്‍ഡിഎഫില്‍ ഇപ്പോഴുള്ള നാല് സീറ്റുകള്‍ യുഡിഎഫിലേക്ക് പോയാല്‍ കിട്ടുമോ, കിട്ടിയാല്‍ തന്നെ ജയിക്കുമോ എന്ന് അവര്‍ക്ക് ആശങ്കയുണ്ട്.

അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ അത്തരത്തില്‍ മുന്നണിമാറ്റം പോലുള്ള ആലോചനകളിലേക്ക് പോലും പോകേണ്ടതുള്ളൂ എന്നാണ് ശശീന്ദ്രന്‍ പക്ഷം ആലോചിക്കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്സുമായി ചര്‍ച്ച ചെയ്ത് മുന്നണിയില്‍ത്തന്നെ നില്‍ക്കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ ആലോചന.

ഡിസംബര്‍ 25-ന് മുന്നണിമാറ്റം സംബന്ധിച്ച്‌ എന്‍സിപി സംസ്ഥാനഅധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി, മുന്നണിമാറ്റം വേണ്ടി വന്നാല്‍ സമ്ബൂര്‍ണപിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഇത്തരത്തിലൊരു ചര്‍ച്ചയിലേക്ക് തന്നെ എന്‍സിപി സംസ്ഥാനനേതൃത്വം എത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com