ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം; ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ, റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുതിൻ എന്നിവരും ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്
ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം; ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലത്തിനൊത്ത മാറ്റമില്ലാത്തതിനാല്‍ രാജ്യാന്തരസംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് മോദി പറഞ്ഞു.

തീവ്രവാദമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഈ പ്രശ്നത്തെ നേരിടുന്നതിന് ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യമാണ്. ഐഎംഎഫ് , ഡബ്ലിയുടിഒ, ഡബ്ലിയുഎച്ച്ഒ എന്നീ സംഘടനകളുടെ ഘടനയും പരിഷ്ക്കരിക്കണം.

ബഹുസ്വരത വെല്ലുവിളികള്‍ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും വെര്‍ച്വല്‍ സമ്മേളനത്തില്‍ മോദി പറഞ്ഞു. വാക്സീന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ, റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുതിൻ എന്നിവരും ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാഹചര്യത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇരു രാജ്യതലവൻമാരും ഒരുമിച്ച് പങ്കെടുക്കുന്നത്.

Related Stories

Anweshanam
www.anweshanam.com