
തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം ചെയ്യുക. 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
വൈകീട്ട് നാലരയ്ക്കാണ് അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുക. 75 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള പ്ലാന്റാണിത്. 15 മാസം കൊണ്ട് പൂര്‍ത്തിയാക്കിയ പ്ലാന്റിന്റെ മുതല്‍മുടക്ക് 56.89 കോടി രൂപയാണ്. പുതിയ പ്ലാന്റ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷന് ട്രാന്‍സ്ഫോമറുകള്‍ എന്നിവയാണ് പ്ലാന്റിലുള്ളത്. നിലവിലുളള വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ തിരുമല, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, എന്നിവിടങ്ങില്‍ കുടുതല്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും. പൂര്‍ണ ഓട്ടോമറ്റിക് സ്കാഡ സംവിധാനം വഴി ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിരല്‍തുമ്പില്‍ നിയന്ത്രിക്കാം.