നാഗ്രോട്ടാ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനുയായികളെന്ന് റിപ്പോർട്ട്

കൊല്ലപ്പെട്ട നാല് ഭീകരരെയും നിയന്ത്രിച്ചിരുന്നത് മസൂദ് അസറിന്റെ സഹോദരനായ അസ്ഗര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം
 
നാഗ്രോട്ടാ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനുയായികളെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: നാഗ്രോട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറിന്റെ അനുനായികളെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നഗ്രോടയില്‍വച്ച് നാല് ജെയ്‌ഷെ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കൊല്ലപ്പെട്ട നാല് ഭീകരരെയും നിയന്ത്രിച്ചിരുന്നത് മസൂദ് അസറിന്റെ സഹോദരനായ അസ്ഗര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വലിയ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീര്‍ താഴ്‌വരയിലെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകര സംഘടനകള്‍ ഇത്തരം പദ്ധതികള്‍ തയ്യാറാക്കുന്നത്.

ഇതിനായി പുല്‍വാമ ആക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണം നടത്താനുള്ള ചുമതല ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘത്തിന് നല്‍കി. ആക്രമണം ആസൂത്രണം ചെയ്യാന്‍ ചുമതലപ്പെടുത്തിയത് അബ്ദുള്‍ റൗഫ് അസ്ഗര്‍, കാസി താരാര്‍ എന്നീ ഭീകരവാദികളെയാണ്.

ആക്രമണം ആസൂത്രണം ചെയ്യാനായി ഭവല്‍പൂരില്‍ നടന്ന യോഗത്തില്‍ ജെയ്‌ഷെ തീവ്രവാദി സംഘടനയിലെ മൗലാന അബു ജുന്‍ഡാലും മുഫ്തി തൗസീഫും പങ്കെടുത്തതയും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആസൂത്രണത്തിന് ശേഷം ഭീകരരെ തെരഞ്ഞെടുക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ജെയ്‌ഷെയുടെ മറ്റൊരു യൂണിറ്റിനെ ചുമതലപ്പെടുത്തി

നഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും.

Related Stories

Anweshanam
www.anweshanam.com