മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അടിയന്തരാവസ്ഥ നീങ്ങുന്നത് വരെ പ്രതിരോധ സേനയുടെ തലവന്‍ അധികാരം ഏറ്റെടുക്കും.
മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നയ്പിടോ: മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ അധികാരം വീണ്ടും സൈന്യത്തിന്റെ കൈകളിലെത്തി. അടിയന്തരാവസ്ഥ നീങ്ങുന്നത് വരെ പ്രതിരോധ സേനയുടെ തലവന്‍ മിങ് ആങ് ഹ്‌ളാങ്ങ് രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കും.

വൈസ് പ്രസിഡന്റ് യു മയിന്റ് സ്വേ താത്ക്കാലിക പ്രസിഡന്റായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം അട്ടിമറി നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ഓങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി സൈന്യം വീണ്ടും രംഗത്തെത്തിയത്.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, ധൃതിപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകരുതെന്നും എന്‍എല്‍ഡി വക്താവ് മയോ നന്‍ട് പറഞ്ഞിരുന്നു. താനും ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ സൈന്യം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ഓങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com