എം സി കമറുദ്ദീനെ കൈവിട്ട് മുസ്‌ലിം ലീഗ്; ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന് വിലയിരുത്തൽ

കമറുദ്ദീന്‍ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി
എം സി കമറുദ്ദീനെ കൈവിട്ട് മുസ്‌ലിം ലീഗ്; ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന് വിലയിരുത്തൽ

കാസർഗോഡ്: എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീ​ഗ് മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാല്‍ നിക്ഷേപകര്‍ക്ക് ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

കമറുദ്ദീന്‍ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. നിക്ഷേപമായി വാങ്ങിയ 10 കോടി നല്‍കി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വില്‍ക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളില്‍ 9 വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തല്‍. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി.

Related Stories

Anweshanam
www.anweshanam.com