മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം
Top News

മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം

മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് കെ പി എ മജീദ് ചോദിക്കുന്നു

News Desk

News Desk

മലപ്പുറം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്‍റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷുമായി നിരന്തരം ഫോണില്‍ കെ ടി ജലീല്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് കെ പി എ മജീദ് ചോദിക്കുന്നു. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ല എന്നും കെ പി എ മജീദ് ചോദിച്ചു.

ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്‍റെ മുഖം വികൃതമാകുകയാണെന്നും മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു.

അതേസമയം, മലപ്പുറത്തെ വീട്ടില്‍ ജലീല്‍ ഇപ്പോഴും മൗനത്തിലാണ്. വീടിന് ചുറ്റും വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ അടക്കം പ്രവേശിപ്പിക്കുന്നില്ല. വെള്ളിയാഴ്ച തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തോ എന്നറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, മന്ത്രി ഇക്കാര്യം പൂര്‍ണമായി നിഷേധിക്കുകയാണുണ്ടായത്.

Anweshanam
www.anweshanam.com