കോവിഡ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; ആശങ്കയില്‍
Top News

കോവിഡ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; ആശങ്കയില്‍

ഒരു ഒപിയില്‍ ഒരു ദിവസം 50 പേര്‍ക്ക് മാത്രമേ പരിശോധന അനുവദിക്കൂ. അധികമായി വരുന്ന രോഗികള്‍ക്ക് ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം.

By News Desk

Published on :

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ഒപിയില്‍ ഒരു ദിവസം 50 പേര്‍ക്ക് മാത്രമേ പരിശോധന അനുവദിക്കൂ. അധികമായി വരുന്ന രോഗികള്‍ക്ക് ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 17, 19 വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വരുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ ജോലിയിലുള്ള മൂന്ന് പാറാവുകാര്‍ക്കും റിസര്‍വ് ബറ്റാലിയനിലെ ആറ് പൊലീസുകാര്‍ക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചു. ഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഇന്ന് 30 പേരുടെ പരിശോധന നടക്കും.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ ചികിത്സയില്‍ ഇരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 2062 രോഗികളാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Anweshanam
www.anweshanam.com