മൊറട്ടോറിയം കാലത്തെ പലിശ; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസിൻ്റെ വാദം നടക്കുന്നത്.
മൊറട്ടോറിയം കാലത്തെ പലിശ; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ന്യൂ ഡല്‍ഹി: കോവിഡ് പ്രതിസന്ധി പരിഗണിച്ച് വായ്പകൾക്ക് മേൽ ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇന്നും വാദം തുടരും. സുപ്രീംകോടതിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസിൻ്റെ വാദം നടക്കുന്നത്.

രാജ്യത്തെ ബാങ്കുകളിൽ നിന്നും എടുത്ത എല്ലാ വായ്പകൾക്കും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാൽ വായ്പ തിരിച്ചടവിന് സാവകാശം നൽകുമ്പോൾ തന്നെ വായ്പകൾക്ക് മേലുള്ള പലിശയും പലിശയുടെ മേലുള്ള പലിശയും ഈടാക്കുന്നുണ്ട്. ഇതു ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

പലിശ പൂര്‍ണമായി പിൻവലിക്കുകയോ, പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്കുകൾ ലോക് ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ഏജന്‍റായി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

കേസിൽ കേന്ദ്ര സര്‍ക്കാരിന്‍റെ വാദമായിരിക്കും ഇന്ന് നടക്കുക. ഹർജിയിൽ വാദം തുടരുന്നതിനിടെ തന്നെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. മൊറട്ടോറിയം സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബാങ്ക് മേധാവികളുടെ നിലപാട് ധനമന്ത്രി ആരായും. കോവിഡ് കാലത്തെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനവും മന്ത്രി വിലയിരുത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com