
ഇടുക്കി: പെട്ടിമുടിയില്‍ ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മാണം വൈകും. വീട് നിര്‍മിക്കാനുള്ള ഭൂമി കണ്ടെത്താന്‍ കണ്ണന്‍ദേവന്‍ കമ്പനിയുമായി ധാരണയിലെത്താനായില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഭൂമി കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥര്‍.
പെട്ടിമുടിയിലെ 65 കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഇതില്‍ 46 കുടുംബങ്ങള്‍ക്ക് കമ്പനി പകരം ലയങ്ങള്‍ നല്കി. ബാക്കിയുള്ളവര്‍ ഇപ്പോഴും ബന്ധുവീടുകളിലാണ് കഴിയുന്നത്. ഒറ്റമുറി വീടുകളില്‍ മറ്റൊരു കുടുംബത്തിന് കൂടി കഴിയാന്‍ സ്ഥലമില്ലാത്തതിനാല്‍ വിവിധ ബന്ധുവീടുകളിലായാണ് ദുരന്തബാധിതരുടെ താമസം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പകരം ലയങ്ങളും ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അടച്ചുറപ്പുള്ള വീടും അനുവദിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.