
ന്യൂ ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അനുമതി നല്കി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവയുമായി കമ്മിഷന് ചര്‍ച്ച നടത്തും. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം പ്രവാസി വോട്ടിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് ഏര്‍പ്പെടുത്താത്തതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യമന്ത്രാലയവും വിശദമായ ചര്‍ച്ചയാണ് നടത്തിയത്. ചര്‍ച്ചയുടെ കരട് രൂപരേഖ കമ്മിഷന് കൈമാറിയിരുന്നു. എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണമെന്ന നിര്‍ദേശത്തോടെയാണ് ഇ ബാലറ്റിനെ വിദേശകാര്യമന്ത്രാലയം അനുകൂലിച്ചത്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ വോട്ടുചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. 206 രാജ്യങ്ങളിലായി 1.7 കോടി പ്രവാസികളുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് 99,807 പേര് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു. ഇതില്‍ 85,161 പേര് കേരളത്തില്‍ നിന്നാണ്.
നിലവില്‍ ഇ-തപാല്‍ വോട്ട് സംവിധാനം പ്രതിരോധസേന ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.