
ന്യൂ ഡല്‍ഹി: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാർലമെന്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കരിപ്പുരിലെ സാഹചര്യത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം സമിതിക്ക് റിപ്പോർട്ട് നല്‍കും.
കേരളത്തിലെ എംപിമാർ കരിപ്പൂർ അപകടം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാർലമെന്ററി സമിതിയിൽ ഉന്നയിച്ചു. കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിര്‍ത്തിവെച്ചതിനെ സംബന്ധിച്ചാണ് കെ സി വേണുഗോപാൽ, കെ മുരളീധരൻ, ആന്റോ ആന്റണി എന്നിവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
അതേസമയം പൈലറ്റുമാരെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ഡിജിസിഎ യോഗത്തില്‍ അറിയിച്ചു. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ലാൻഡിങ് പിഴവാണ് അപകടകാരണമെന്ന ഡിജിസിഎ അരുണ്‍ കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ പൈലറ്റുമാരുടെ സംഘടന പ്രതിഷേധം ഉന്നയിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് നിഗമനത്തില്‍ എത്തിയത് എങ്ങനെയെന്നും മരിച്ച പൈലറ്റുമാരെ ഡിജിസിഎ അപമാനിച്ചെന്നുമായിരുന്നു പൈലറ്റുമാരുടെ സംഘടനയുടെ പ്രസ്താവന.