കാര്‍ഷിക നിയമം പിന്‍വലിക്കില്ല;​ മറ്റ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം

കാര്‍ഷിക നിയമം പിന്‍വലിക്കില്ല;​ മറ്റ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം

സമരത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍ അറിയിച്ചത്.

നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ്​ ചര്‍ച്ച പുരോഗമിക്കുന്നത്​. ബുധനാഴ്ചത്തെ ചര്‍ച്ച നിര്‍ണായകമാകുമെന്ന് യോഗത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി സോം പ്രകാശ് പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന്​ കരുതുന്നില്ലെന്ന്​ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ പഞ്ചാബ് യൂനിറ്റ് ജോയിന്‍റ്​ സെക്രട്ടറി സുഖ്‌വീന്ദര്‍ സിംഗ് സാബ്രയും പറഞ്ഞു. കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള കഴിഞ്ഞ അഞ്ച് ഘട്ട ചര്‍ച്ചകളും പ്രശ്​നം പരിഹരിക്കാന്‍ പര്യാപ്​തമായിരുന്നില്ല.

മൂന്ന് കാര്‍ഷികനിയമങ്ങളിലും ഭേദഗതികളല്ല, അവ മുഴുവനായി റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇന്നത്തെ ചര്‍ച്ച ഇരുപക്ഷത്തും വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്.

വിജ്ഞാന്‍ഭവനിലെ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു. ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചര്‍ച്ചയ്‌ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തം നിലയ്‌ക്കെത്തിച്ച ഭക്ഷണമായിരുന്നു കര്‍ഷകര്‍ കഴിച്ചത്.

പതിനായിരക്കണക്കിന് കര്‍ഷകരാണ്​ രാജ്യ തലസ്​ഥാനത്ത്​ നിലവില്‍ തമ്ബടിച്ചിരിക്കുന്നത്​. പുതിയ നിയമങ്ങള്‍ നിയന്ത്രിത വിപണികളെ തകര്‍ക്കുമെന്നും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളെ ഇരയാക്കിക്കൊണ്ട് ഉപജീവനമാര്‍ഗത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com