ജീവനക്കാരിയെ താമസസ്ഥലത്ത് നിന്ന് അന്യായമായി ഇറക്കി വിട്ട് മെഡിക്കൽ കോളേജ് അധികൃതർ

റൂമിലുള്ള തന്റെ വസ്‌ത്രങ്ങളോ, മരുന്നോ മറ്റു അവശ്യ വസ്തുക്കളോ എടുക്കാനുള്ള സമയം പോലും നൽകാതെയാണ് ഇവരോട് ശിക്ഷക് സദനിലെ റൂം ഒഴിയാൻ മെഡിക്കൽ കോളേജ് ജീവനക്കാരുടെ നിർദേശ പ്രകാരം വാർഡൻ പറഞ്ഞത്
ജീവനക്കാരിയെ താമസസ്ഥലത്ത് നിന്ന് അന്യായമായി ഇറക്കി വിട്ട് മെഡിക്കൽ കോളേജ് അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരിയെ താമസ സ്ഥലത്ത് നിന്നും അന്യയാമായി ഇറക്കി വിട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓ പി ഫാർമസി ജീവനക്കാരി നസീറ ബീവിയെയാണ് മെഡിക്കൽ കോളേജ് അധികൃതർ മുൻകൂട്ടി അറിയിക്കാതെ ഇറക്കി വിട്ടത്. ഇവരുടെ ഭക്ഷണം പോലും നൽകിയില്ല. റൂമിലുള്ള തന്റെ വസ്‌ത്രങ്ങളോ, മരുന്നോ മറ്റു അവശ്യ വസ്തുക്കളോ എടുക്കാനുള്ള സമയം പോലും നൽകാതെയാണ് ഇവരോട് ശിക്ഷക് സദനിലെ റൂം ഒഴിയാൻ മെഡിക്കൽ കോളേജ് ജീവനക്കാരുടെ നിർദേശ പ്രകാരം വാർഡൻ പറഞ്ഞത്. ഇതേതുടർന്ന് ആ രാത്രി സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു നസീറ ബീവി.

തിങ്കാളാഴ്ചയായിരുന്നു സംഭവം. വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ നസീറയോട് ഇവർ താമസിച്ചിരുന്ന മുറി ഒഴിയാൻ പറയുകയായിരുന്നു. വീട് അടുത്താണ്, ഒഴിയണം എന്ന് മാത്രമാണ് തന്നോട് പറഞ്ഞതെന്ന് നസീറ പറയുന്നു. അതേസമയം, കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടി മുറി ഒഴിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് നസീറ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വീണ്ടും ഇവർ താൻ താമസിച്ചിരുന്ന എത്തിയപ്പോൾ അവിടെ രണ്ട് പേരെ പുതുതായി താമസിപ്പിച്ചിരുന്നു. മുറി വിട്ട് മാറാൻ തൽക്കാലത്തേക്ക് പറ്റില്ലെന്ന് അറിയിച്ചതോടെ നസീറയോട് ഇവിടെ താമസിക്കാൻ പറയുകയും പുതുതായി വന്നതിൽ ഒരാളെ മറ്റൊരു റൂമിലേക്ക് മാറ്റാമെന്നും വാർഡൻ അറിയിച്ചു.

എന്നാൽ നേരത്തെ തന്നെ ഇറക്കി വിട്ടതിന് ശേഷം സൂപ്രണ്ട് അറിയിച്ചത് കോവിഡ് വാർഡിലെ ജീവനക്കാർക്ക് വേണ്ടിയാണെന്നാണ്. എങ്ങിനെ എങ്കിൽ പിന്നീട് പരാതി ഉന്നയിച്ചപ്പോൾ തന്നോട് തൽകാലം ഇവരിൽ ഒരാളുടെ കൂടെ താമസിക്കാൻ ആണ് പറഞ്ഞത്. കോവിഡ് വാർഡിലെ ആളാണെങ്കിൽ തന്നോട് അവരുടെ കൂടെ താമസിക്കാൻ പറഞ്ഞത് ശരിയാണോ എന്ന് നസീറ ചോദിക്കുന്നു. തൊട്ടപ്പുറത്തെ റൂമിൽ താമസിക്കുന്ന തന്റെ സഹപ്രവർത്തകരെ ഒഴിവാക്കാൻ ആവശ്യപ്പെടാതെ ഒരു സ്ത്രീയായ തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ പറഞ്ഞ് വിട്ടത് അനീതിയല്ലേ എന്നും ഇവർ ചോദിക്കുന്നു. സംഭവത്തിൽ നസീറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളേജിന് സമീപത്തുള്ള ശിക്ഷക് സദാനിലാണ് വെഞ്ഞാറന്മൂട് സ്വദേശിനിയായ നസീറ താമസിച്ചിരുന്നത്. ഒരു അപകടത്തെ തുടർന്ന് അവധിയിലായിരുന്ന ഇവർ മെയ് 25 മുതലാണ് ശിക്ഷക് സദനിൽ താമസിച്ച് ജോലിക്ക് വരാൻ തുടങ്ങിയത്. അസുഖത്തെ തുടർന്ന് സ്ഥിരമായി ഉള്ള യാത്ര ഒഴിവാക്കുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ സൗകര്യങ്ങൾ പരിമിതമായതിനാലുമാണ് ഇവർ മെഡിക്കൽ കോളേജിന് സമീപം താമസിക്കാൻ തുടങ്ങിയത്. ഈ സ്ഥലത്ത് നിന്നാണ് ഇവരെ ഇറക്കി വിട്ടത്.

ഇവരെ ഇറക്കി വിട്ട അതെ കെട്ടിടത്തിൽ തന്നെ ഇവരുടെ കൂടെ ജോലിയെടുക്കുന്ന ഏതാനും പേർ താമസിക്കുന്നുണ്ട്. ഇവരെ ആരെയും ഇവിടെ നിന്ന് മാറ്റിയിട്ടില്ല. ഇവരോട് മാറാൻ ആവശ്യപെട്ടിട്ടുമില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാരെ താമസിപ്പിക്കാൻ ആണെങ്കിൽ എല്ലവരെയും ഒഴിപ്പിക്കേണ്ടത് അല്ലേ എന്ന് ഇവർ ചോദിക്കുന്നു. അതേസമയം, ഈ കെട്ടിടത്തിൽ കോവിഡ് പോസിറ്റീവ് ആയ ഒരു ഡോക്ടർ ഉള്ളതായും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യം തങ്ങൾ ആരും അറിഞ്ഞിട്ടില്ലെന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

സംഭവത്തിൽ മെഡിക്കൽ കോളേജിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് തന്നോട് ഉള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കരുതിക്കൂട്ടിയാണ് തന്നെ ഇറക്കി വിട്ടതെന്ന് നസീറ ബീവി ആരോപിക്കുന്നു. ഇയാൾ തന്നെയും മറ്റു ഏതാനും ജീവനക്കാരെയും നിരന്തരമായി ദ്രോഹിക്കുകയാണെന്നും നസീറ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായാണ് താമസ സ്ഥലത്ത് നിന്നും തന്നെ പുറത്താക്കിയതെന്ന് നസീറ പറയുന്നു.

അതേസമയം, ജൂൺ 26 വരെയേ ഇവർക്ക് താമസ അനുമതി ഒള്ളൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവർ ഇവിടെ സ്ഥിരമായി ഇവർ താമസിക്കാറില്ലെന്നും തോന്നുമ്പോൾ വന്നു പോകാറ് ആണെന്നും അധികൃതർ വ്യക്തമാക്കുന്നു. മാസങ്ങളായി ഇവർ ഇവിടെ അന്യായമായി താമസിക്കുകയാണ് എന്നും ഇവർ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെ നസീറ പാടെ തള്ളുകയാണ്. താൻ കഴിഞ്ഞ ഒന്നര മാസമേ ആയുള്ളൂ ശിക്ഷക് സദനിൽ നിന്ന് താമസിക്കാൻ തുടങ്ങിയിട്ടൊള്ളു എന്ന് ഇവർ പറയുന്നു. മാത്രമല്ല, ജോലി ഉള്ള സമയങ്ങളിൽ എല്ലാം ഇവിടെ ആണ് താമസിക്കുന്നതെന്നും അവധി ദിനങ്ങളിൽ മാത്രമാണ് തന്റെ മക്കളോടൊപ്പം താമസിക്കാൻ വീട്ടിലേക്ക് പോകാറ് ഒള്ളൂ എന്നും ഇവർ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com