
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം സി കമറുദ്ദീന് മഞ്ചേശ്വരം സീറ്റ് നല്‍കില്ല. പകരം യൂത്ത് ലീഗ് സംസ്ഥാന നേതാവ് കെ എം അഷ്റഫിനെ മത്സരിപ്പിക്കാന്‍ ധാരണയായി. മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന അഷ്രഫിനെ പരിഗണിക്കാനുള്ള പ്രധാന കാരണം.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീന് ജയിലില്‍ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്ലീം ലീഗ് നേതൃത്വം എത്തിച്ചേര്‍ന്നത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന നിലപാടിലാണ് കമറുദ്ദീന്.
2019 ലെ ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം സ്വദേശിയായ കെ എം അഷ്റഫിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന എം.സി. കമറുദ്ദീനായി സംസ്ഥാന നേതാക്കള്‍ ഉറച്ച് നിന്നതോടെ അഷ്റഫ് പിന്മാറുകയായിരുന്നു. ലീഗ് അനുഭാവികളടക്കം പരാതിക്കാരായ ജുവലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തിരിച്ചടിക്കുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.