എം സി കമറുദ്ദീൻ ജയിൽ മോചിതനായി

പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്
എം സി കമറുദ്ദീൻ ജയിൽ മോചിതനായി

കണ്ണൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംസി കമറുദ്ദീൻ ജയിൽ മോചിതനായി. പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്.

ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളിൽ കൂടി കഴിഞ്ഞ ദിവസം എംഎൽഎക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന എംഎൽഎ പുറത്തിറങ്ങിയത്.

ജയിൽ നിന്ന് പുറത്ത് വന്ന കമറുദ്ദീൻ എല്ലാവർക്കും നന്ദി പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയായിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു ലക്ഷ്യമെന്നും കമറുദ്ദീൻ പറഞ്ഞു. ആ ലക്ഷ്യം അവർ നിറവേറ്റിയെന്നും തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് തരില്ലെന്നും കമറുദ്ദീൻ പറഞ്ഞു.

റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോൾ മുതലാണ് തുടങ്ങിയതാണ് തനിക്കെതിരെയുള്ള ​ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ വരെ അതിൻ്റെ ഭാ​ഗമാണ് - കമറുദ്ദീൻ കൂട്ടിച്ചേർത്തു.

96 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ മോചിതനാകുന്നത്. 155 കേസുകളാണ് കമറുദ്ദീന്റെ പേരിലുള്ളത്. ഇതിൽ 148 കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജയിൽ മോചിതനാകുന്നത്

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com