വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം; മൃതദേഹം സംസ്‍കരിക്കില്ല: മത്തായിയുടെ കുടുംബം

കസ്റ്റഡിയില്‍ ഉള്ളയാളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ല. അന്വേഷണത്തില്‍ വീഴ്ച വന്നുവെന്നും കുടുംബം പറയുന്നു
വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം; മൃതദേഹം സംസ്‍കരിക്കില്ല: മത്തായിയുടെ കുടുംബം

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ചിറ്റാറില്‍ മരിച്ച മത്തായിയുടെ കുടുംബം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. കസ്റ്റഡിയില്‍ ഉള്ളയാളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ല. അന്വേഷണത്തില്‍ വീഴ്ച വന്നുവെന്നും കുടുംബം പറയുന്നു. മത്തായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവം കൊലപാതകമാണെന്ന് സഹോദരന്‍ വില്‍സണ്‍ ആരോപിച്ചു. മര്‍ദിച്ച്‌ അവശനാക്കിയ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സഹോദരന്‍ പറഞ്ഞു. നിയമപരമായ നീതി ലഭിക്കാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുളള അന്വേഷണത്തിന് തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും കുടുംബം പറയുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ മാത്രമാണ്. ഇതിനായി പുതിയ കഥകള്‍ അധികൃതര്‍ ഉണ്ടാക്കുകയാണ്. മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച്‌ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്ബ് തന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സിസിടിവി കാമറകള്‍ കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ് വീട്ടില്‍ നിന്ന് കൊണ്ടു പോയത്. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്‍റെ ഈ വാദങ്ങൾ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്‍റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംവിച്ചതെന്നാണ് നിഗമനം.

അതേസമയം, കേസിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. എന്നാൽ ഇതുവരെ ഈ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com