ഇന്ത്യ കണ്ട എക്കാലത്തെയും കരിസ്മാറ്റിക്ക് നേതാവായ ‌പ്രണബ്ജി
Top News

ഇന്ത്യ കണ്ട എക്കാലത്തെയും കരിസ്മാറ്റിക്ക് നേതാവായ ‌പ്രണബ്ജി

ഇന്ദിരാഗാന്ധിക്കുശേഷം ബംഗാളിന്റെ ഈ വീരപുത്രനായിരിക്കും രാജ്യത്തെ നയിക്കുക എന്ന പ്രചാരണം കോണ്‍ഗ്രസിന് അകത്തുതന്നെ ശക്തമായിരുന്നു.

News Desk

News Desk

ന്യൂഡല്‍ഹി: 'ദ ആക്സിഡന്റ് പ്രൈം മനിസ്റ്റര്‍' എന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന്‍ സിങ്ങിനെ വിശേഷിപ്പിക്കാറുള്ളത്. പക്ഷേ മന്മോഹന്റെ ആ സ്ഥാനലബ്ധി ഫലത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി എന്ന, ഇന്ത്യ കണ്ട എക്കാലത്തെയും കരിസ്മാറ്റിക്ക് നേതാവിന്റെ നഷ്ടത്തിന്റെ കഥ കൂടിയായിരുന്നു. രണ്ടുതവണയാണ് പ്രണബിന് പ്രധാനമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനും ഇടയില്‍പെട്ട് നഷ്ടമാവുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം ബംഗാളിന്റെ ഈ വീരപുത്രനായിരിക്കും രാജ്യത്തെ നയിക്കുക എന്ന പ്രചാരണം കോണ്‍ഗ്രസിന് അകത്തുതന്നെ ശക്തമായിരുന്നു.

പക്ഷേ കുടുംബാധിപത്യത്തിലും പാരമ്പര്യത്തിലും എന്നും അടിയുറച്ച്‌ വിശ്വസിച്ചിരുന്ന കോണ്‍ഗ്രസ് അത് ഭരണപരിചയം ഒട്ടുമില്ലാത്ത രാജീവ്ഗാന്ധിക്കുതന്നെ നീട്ടുകയായിരുന്നു. പിന്നീട് ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്തും പ്രണബിന് അയോഗ്യതയായത് ആരോടും വിധേയത്വം കാട്ടാത്ത സ്വന്തം വ്യക്തിത്വം തന്നെയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്നതിനേക്കാള്‍ ഉപരിയായി ഗാന്ധി കൂടംബത്തോടുള്ള വിധേയത്വവും, പിന്‍ സീറ്റ് ഡൈവ്രിങ്ങിനുള്ള സോണിയാഗാന്ധിയുടെ ത്വരയും തന്നെയാണ്, പ്രണബിന് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുക്കുമ്പോഴാണ് റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി മന്മോഹന്‍ സിങ്ങിനെ നിയമിക്കുന്നതെന്ന് ഓര്‍ക്കണം. പക്ഷേ അതൊന്നും പ്രണബ് എവിടെയും പ്രകടിപ്പിച്ചില്ല.

13 ാമത് രാഷ്ടപ്രതിയായി ചുമതലയേറ്റത് വിവിധ കേന്ദ്ര മന്ത്രിസഭകളിലെ അനുഭവപരിചയം മുതല്‍കൂട്ടാക്കി മൻമോഹന് കീഴില്‍ മന്ത്രിസഭയിലെ രണ്ടാമാനായും അങ്ങേയറ്റം സന്തുഷ്ടനായിരുന്നു പ്രണബ്. പ്രതിരോധ വിദേശകാര്യമേഖലകളില്‍ തിളങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രണബിനെ രാഷ്ട്രപതിയാക്കി സോണിയാഗാന്ധി ഒതുക്കുകയായിരുന്നെന്ന് അരുണ്‍ഷൂരിയെപ്പോലുള്ളവര്‍ ആരോപിക്കാറുണ്ടെങ്കിലും അദ്ദേഹം അതൊന്നും കണക്കിലെടുത്തില്ല. എവിടെയും പരാതി പറഞ്ഞില്ല. രാഷ്ട്രപതി പദത്തിനും വിനയവും ലാളിത്യവും നിറഞ്ഞ ജീവിത ശൈലിയിലൂടെ ഏവരുടെയും അരുമയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അദ്ദേഹത്തിന് മികച്ച പരിഗണനയാണ് കൊടുത്തത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ലഭിക്കാതെ പോയ ആദരവും അംഗീകാരവും ബിജെപി പ്രധാനമന്ത്രിയില്‍ നിന്ന് രാഷ്ട്രപതിക്ക് പലപ്പോഴും ലഭിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ആര്‍എസ്‌എസ് സെമിനാറില്‍ പങ്കെടുത്തപ്പോള്‍ പലരും അതു ഒരു ആശയമാറ്റമായാണ് കണ്ടത്. പക്ഷേ എക്കാലവും മതേതരത്വത്തിന്റെ വക്താവായിരുന്ന പ്രണബ് മത രാഷ്ട്രീയത്തെയും സങ്കുചിത്വങ്ങളെയും അംഗീകരിക്കാനായില്ല. ആ സെമിനാറിലും അവിടെയും ഇന്ത്യന്‍ ബഹുസ്വരതയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്.

ഒരുകാലത്ത കമ്യൂണിസ്റ്റുകാരുടെ കോട്ടയായ ബംഗാളില്‍നിന്ന് ജയിച്ചു കയറിവന്ന അദ്ദേഹം എക്കാലവും കമ്യൂണിസ്റ്റ് നേതാക്കളുടെയും പ്രിയ സുഹൃത്തായിരുന്നു. ഈ രീതിയില്‍ വ്യാപകമായ ബന്ധമുള്ള ഒരു നേതാവിനെ ഒന്നാം യുപിഎ സര്‍ക്കാറിന്റെ തലപ്പത്ത് ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസ് ഇന്നു കാണുന്ന രീതിയില്‍ നാമവശേഷം ആവുമായിരുന്നില്ല എന്നും, മോദിയുഗം ഉണ്ടാകുമായിരുന്നില്ല എന്നും കരുതുന്നവര്‍ ഏറെയുണ്ട്. അറിവ്, ഭരണപാടവം, പ്രതിസന്ധികളെ നേരിടാനുള്ള അസാധാരണ മികവ് ഇവയെല്ലാം ഒന്നിച്ച്‌ വിളങ്ങിച്ചേര്‍ന്ന ഒരു അപൂര്‍വ പ്രതിഭാശാലിയാണ് മുന്‍രാഷ്ട്രപതി. കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെ പോലെ നെഹ്റു കുടുംബത്തിന്റെ മുന്നില്‍ നട്ടെല്ല് വളച്ച്‌ ഓച്ഛാനിച്ച്‌ നില്ക്കുന്ന പ്രകൃതക്കാരനാല്ല പ്രണബ് കുമാര്‍ മുഖര്‍ജി. 'മന്മോഹന്‍ സിങ്ങിന് പകരം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്നത്തെ ഗതികെട്ട രൂപത്തിലാകില്ലായിരുന്നു. മോദി എന്നൊരു പ്രതിഭാസം പോലും ഒരുപക്ഷേ ഉടലെടുക്കില്ലായിരുന്നു.'- പ്രശ്സത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ഥാപ്പര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

വിനീത വിധേയന്റെ വിഡ്ഢിവേഷം കെട്ടാന്‍ ഒരിക്കലും തയ്യാറാകാത്ത പ്രണബ് മുഖര്‍ജി സോണിയാ ഗാന്ധിക്ക് ഒട്ടും സ്വീകാര്യനല്ലായിരുന്നു. രാഷ്ട്രീയ മോഹങ്ങളില്ലാത്ത തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത മന്മോഹന്‍ അങ്ങനെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി കസേരയിലെത്തി. മന്മോഹന്‍ സാമ്ബത്തിക വിദഗ്ധനാണ്, സത്യസന്ധനാണ്. പക്ഷെ അദ്ദേഹത്തിന് രാജ്യത്തിന്റെ നേതാവായി ഉയരുവാനോ ജനങ്ങളുമായി നേരിട്ട് സംവദിക്കാനോ കഴിഞ്ഞില്ല. ഈ ഗ്യാപ്പാണ് സത്യത്തില്‍ മോദി മുതലെടുത്തത്. സോണിയാ ഗാന്ധിയുടെ രാഹുല്‍ ഗാന്ധിയുടെ വെറും പാവ മാത്രമെന്ന ഇമേജില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരിക്കലും ഡോ. സിംങ്ങിന് കഴിഞ്ഞില്ല അദ്ദേഹം അതിനായി ഒരിക്കലും ശ്രമിച്ചതുമില്ല.

നെഹ്റു ഫാമിലിയുടെ രാജപദവിക്ക് ഊനം തട്ടുമെന്നുള്ള ഹൈക്കമാന്‍ഡ് ആശങ്കയാണ് ബംഗാളിന്റെ പ്രിയപ്പെട്ട പ്രണബ് ദായ്ക്ക് പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തല്‍ഫലമോ,വിവരാവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിൗ ജനപക്ഷ ഭൂമിയേറ്റെടുക്കല്‍ നിയമം അങ്ങനെ എത്രയോ വിപ്ലവകരമായ നിയമനിര്‍മ്മാണങ്ങളും ക്ഷേമപദ്ധതികളും നടപ്പിലാക്കിയ യുപിഎ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസ് ഇന്ന് കേവലമൊരു പ്രാദേശിക പാര്‍ട്ടിയുടെ നിലയിലേക്ക് പാര്‍ലമെന്റില്‍ കൂപ്പുകുത്തി വീണിരിക്കുന്നു.

ഒന്നും രണ്ടും യുപിഎ ഭരണം സോണിയാ ഗാന്ധിയുടെ സമ്പുര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. പക്ഷെ ഇന്ത്യന്‍ ജനത അപ്പോഴേക്കും കോണ്‍ഗ്രസിനെ സമ്പുര്‍ണ്ണമായി കൈവിട്ട് കഴിഞ്ഞിരുന്നു.പ്രണബ് മുഖര്‍ജിയെ ഒതുക്കുന്നതില്‍ വിജയിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പക്ഷെ പാര്‍ട്ടിയെ രക്ഷിക്കുന്നതില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാറില്‍ അഴിമതി സാര്‍വത്രികമായപ്പോള്‍ അത് നിയന്ത്രിക്കാനുള്ള പ്രാഗല്‍ഭ്യവും മന്മോഹന് ഇല്ലാതെപോയി. ഒടുവില്‍ രാഷ്ട്രപതി ഭവനിലെ അധികാരമില്ലാ കസേരയില്‍ കുടിയിരുത്തി പ്രണബ് മുഖര്‍ജിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും നരേന്ദ്ര മോദിയുടെ വിജയകാഹളം മുഴങ്ങിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിഡ്ഡിത്തങ്ങള്‍ക്കുള്ള തിരിച്ചടികൂടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം.

കൃഷ്ണമേനോന്റെ ഇലക്ഷന്‍ എജന്റായി തുടക്കം1935 ഡിസംബര്‍ 11ന് ബംഗാളിലെ കിര്‍ണാഹര്‍ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി. അമ്മ രാജലക്ഷ്മി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി . പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പിലായിരുന്നു ആദ്യ ജോലി. 1963 ല്‍ വിദ്യാനഗര്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിക്കു ചേര്‍ന്നു. രാഷ്ട്രീയത്തിലേക്ക് കാല്‍വെക്കുന്നതിനു മുമ്ബ് പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com