എൽഡിഎഫിൽ വൻ മാറ്റത്തിന് സാധ്യത; മന്ത്രിമാരുൾപ്പെടെ പല പ്രമുഖരും മത്സരിക്കില്ല

എൽഡിഎഫിൽ വൻ മാറ്റത്തിന് സാധ്യത; മന്ത്രിമാരുൾപ്പെടെ പല പ്രമുഖരും മത്സരിക്കില്ല

തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിബന്ധന ഇക്കുറി കര്‍ശനമാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇതോടെ മന്ത്രിമാരുൾപ്പെടെ പലരും പുറത്താകും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ എന്നിവര്‍ വീണ്ടും ജനവിധി തേടുമെന്ന കാര്യത്തിൽ തർക്കമില്ല. തോമസ് ഐസക്കും എ.കെ.ബാലനും സംഘടനാരംഗത്തേക്ക് ചുവടുമാറ്റിയേക്കും. രണ്ടുപേരും നാലു തവണ തുടര്‍ച്ചയായി മത്സരിച്ചവരാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാര്യമാക്കേണ്ടതില്ലെങ്കില്‍ ഉടുമ്പന്‍ചോലയില്‍ എം എം മണി തന്നെ മത്സരിക്കും.

പേരാമ്പ്ര കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയാല്‍ ടി.പി.രാമകൃഷ്ണന് മറ്റൊരു സീറ്റ് കണ്ടെത്തേണ്ടി വരും.കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുത്താല്‍ കെ.കെ. ശൈലജ മട്ടന്നൂരിലേക്കും ഇ.പിജയരാജന്‍ കല്യാശേരിയിലേക്കും മാറിയേക്കും. സംസ്ഥാന സമിതിയംഗങ്ങളായ മന്ത്രിമാരില്‍ ജെ. മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വീണ്ടും ജനവിധി തേടും.

തുടര്‍ച്ചയായി മൂന്നുതവണ ഉള്‍പ്പെടെ ആകെ ഏഴുവട്ടം മത്സരിച്ച ജി.സുധാകരന്‍ മാറിനില്‍ക്കുമെന്നാണ് സൂചന. സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന്‍ എന്നിവരുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും അന്തിമതീരുമാനം. കെ.ടി.ജലീലിന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. എന്നാൽ മലപ്പുറത്ത് നിന്നുള്ള മന്ത്രിയെന്ന നിലക്ക് വീണ്ടും അവസരം ലഭിച്ചേക്കും.

രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയാല്‍ സിപിഐയുടെ നാലു മന്ത്രിമാരും കളത്തിലുണ്ടാവില്ല. മൂന്നാംവട്ടം പ്രത്യേക ഇളവുനേടി മത്സരിച്ച കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ ഇക്കുറി സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകില്ല. സമാനമായ സാഹചര്യമാണെങ്കിലും ജയസാധ്യത പരിഗണിച്ച് തൃശൂരില്‍ വി.എസ്.സുനില്‍കുമാര്‍ തന്നെ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ യുവാക്കൾക്ക് അവസരം നൽകണമെന്ന് അഭിപ്രായപ്പെട്ടതിലൂടെ മത്സരിക്കാൻ ഇല്ലെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു.

ടേംനിബന്ധന രണ്ടുവട്ടം പൂര്‍ത്തിയാക്കിയ ഇ.ചന്ദ്രശേഖരനും സീറ്റ് ലഭിക്കില്ല. ജനതാദള്‍ എസിന്റെ ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടി തന്നെ വീണ്ടും ജനവിധി തേടും. എന്‍സിപി പിളര്‍ന്നാലും ഇല്ലെങ്കിലും എ.കെ.ശശീന്ദ്രന് സീറ്റുണ്ടാകും. എലത്തൂര്‍ തന്നെ ലഭിക്കുമോ എന്നത് മാത്രമാണ് ചോദ്യം. ഒപ്പം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വീണ്ടും സീറ്റു നല്‍കുമോ എന്നും കണ്ടറിയണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com