മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍

രണ്ട് ദിവസമായി കേസിലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്
മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. പുല്ലൂക്കര സ്വദേശി രതീഷ് കൂലോത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു ആത്മഹത്യ. ഒളിവില്‍ താമസിക്കുകയായിരുന്നു രതീശന്‍. നാദാപുരം ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തും എന്നാണ് വിവരം. രണ്ട് ദിവസമായി കേസിലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പൊലസ് കണ്ടെത്തി. റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.

കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബ‍ർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com