മൻസൂർ വധക്കേസ്: മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ

മോന്തോൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ
മൻസൂർ വധക്കേസ്: മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂരില്‍ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി. കൊലപാതകത്തിന് നേതൃത്വം നൽകിയ വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്. മോന്തോൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളാണ് വിപിനും സംഗീതും. മൻസൂറിന്റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് പുല്ലൂക്കര സ്വദേശിയായ വിപിനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

അതേസമയം, മരിച്ച നിലയിൽ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാ​ഗ്, സംഗീത്, സുഹൈൽ എന്നിവർ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറൻസിക് സർജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി രതീഷ് ആത്മഹത്യ ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com