
ന്യൂ ഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്. ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തില്‍ അന്തിമ തീരുമാനം നാളെ പവാര്‍-പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണി. സി. കാപ്പന്റെ പ്രതികരണം.
അതേസമയം, കൂടിക്കാഴ്ചയിലെ തീരുമാനം വെളിപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായില്ല. നാല് സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകുമെന്നും ടി. പി പീതാംബരന് അറിയിച്ചു. എന്നാല്‍ എന്‍സിപി, എല്‍ഡിഎഫ് വിടുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നതെന്നും മന്ത്രി എ. കെ ശശീന്ദ്രന് വ്യക്തമാക്കി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് മാണി. സി. കാപ്പന് ശരദ് പവാറിനെ കണ്ടത്.
പാലാ സീറ്റ് വിട്ടു നല്കാന് കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്. ഇതിനിടെയാണ് അദ്ദേഹം യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയരുന്നത്. അതേസമയം, പാലാ വിട്ടു നല്കാന് കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എന്‍സിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി സി കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയത്.