മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു

ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിച്ചേക്കും
മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലത്തില്‍ നിന്ന് വ്യക്തമായത്. അന്ന് കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ കാര്‍ത്തിക്, മണി വാസകം എന്നിവരാണെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു.

ഡിഎൻഎ റിപ്പോർട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഇതോടൊപ്പം ആയുധങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കൈമാറി. ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നാണ് ഫലത്തില്‍ പറയുന്നത്. ഡിഎന്‍എ, ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചതോടെ ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിച്ചേക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തീയതികളിലാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവയ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സംഭവം വന്‍ വിവാദമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് നടന്നെതെന്നായിരുന്നു സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം ഉയര്‍ന്ന ആരോപണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com