മാലി: തടങ്കിലാക്കപ്പെട്ട മുന്‍ പ്രസിഡന്റിനെ വിട്ടയച്ചതായി സൈനിക ഭരണകൂടം

മാലി: തടങ്കിലാക്കപ്പെട്ട മുന്‍ പ്രസിഡന്റിനെ വിട്ടയച്ചതായി സൈനിക ഭരണകൂടം

മാലി: പട്ടാള അട്ടിമറിയില്‍ കസ്റ്റഡിയിലായിരുന്ന മുന്‍ മാലി പ്രസിഡന്റ് ഇബ്രാഹിം ബൊബകര്‍ കീറ്റയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചതായി സൈനിക ഭരണകൂടം അറിയിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കീറ്റയെ മോചിപ്പിച്ചു. അയാള്‍ വീട്ടിലേക്ക് മടങ്ങി - വിശദാംശങ്ങളില്ലാതെ പുതിയ ഭരണകൂട വക്താവ് ജിബ്രില്ല മൈഗ പറഞ്ഞു.

കീറ്റ എവിടെയെന്ന് ഇനിയും സ്ഥിരീകരിയ്ക്കാനായില്ല. ബമാക്കോയിലെ അദ്ദേഹത്തിന്റെ വസതി വിജനമാണ്. വസതിക്ക് ചുറ്റും സാധാരണയുള്ള സുരക്ഷാ ഉദ്യോഗസ്ഥ സാന്നിധ്യത്തിന്റെ ലക്ഷണമൊന്നുമില്ല. ഇതൊരു പ്രദേശവാസിയുടെ പ്രതികരണം. ആഗസ്ത് 18 നാണ് പ്രസിഡന്റ് ഇബ്രാഹിം ബൊബാകര്‍ കീറ്റ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. ജനകീയ വിമോചന ദേശീയ കമ്മിറ്റി (സിഎന്‍എസ്പി) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥരാണ് അട്ടിമറിക്ക് ശേഷം മാലിയുടെ അധികാരം കയ്യാളുന്നത്.

ബൊബകര്‍ കീറ്റയുടെ കീഴില്‍ മാലി ഇനിയും പ്രതിന്ധികളിലകപ്പെടരുത്. അതിനാലാണ് തങ്ങള്‍ അധികാരം പിടിച്ചെടുത്തത്. അധികാര അട്ടിമറിക്ക് ശേഷം കാലാപകാരികളുടെ വക്താവ് കേണല്‍-മേജര്‍ ഇസ്മായില്‍ വേഗ് പറഞ്ഞതാണിത്. പശ്ചിമാഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക കൂട്ടായ്മ മാലി ഭരണകൂട അട്ടിമറിയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഈ കൂട്ടായ്മയുടെ തീരുമാനങ്ങള്‍ കൈകൊള്ളുന്ന സമിതിയില്‍ നിന്ന് മാലിയെ സസ്‌പെന്റ് ചെയ്യുവാന്‍ തീരുമാനിച്ചതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തടവിലാക്കപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം ബൊബകര്‍ കീറ്റയെയും സഹപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവശ്യപ്പെട്ടിരുന്നു.

പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര കൂട്ടായ്മ യുള്‍പ്പെടെ മാലിയുടെ അന്താരാഷ്ട്ര പങ്കാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കീറ്റയുടെ മോചനം. പട്ടാള അട്ടിമറി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഫ്രാന്‍സും പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര കൂട്ടായ്മ ബമാക്കോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചിരുന്നു. അധികാര കൈമാറ്റത്തിനായ് നിശ്ചിത സമയത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പുതിയ ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷത്തെ പരിവര്‍ത്തന കാലയളവില്‍ അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സിഎന്‍എസ്പി പശ്ചിമ ആഫ്രിക്കന്‍ മധ്യസ്ഥ സംഘത്തോട് പറഞ്ഞതായി നൈജീരിയ പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനകം അധികാര കൈമാറ്റമെന്ന കടുത്ത നിലപാടിലാണ് പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര കൂട്ടായ്മ.

മാലിയില്‍ നിരവധി ജിഹാദി ഗ്രൂപ്പുകളുണ്ട്. അവര്‍ ഇപ്പോഴത്തെ അട്ടിമറിയില്‍ മുതലെടുക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പുകള്‍ നല്‍കപ്പെടുന്നുണ്ട്. 2012 ല്‍ സൈനിക അട്ടിമറി വേളയില്‍ ജിഹാദികള്‍ അഴിഞ്ഞാടിയിരുന്നുവെന്നതാണ് ഇപ്പോഴത്തെ മുന്നറിയിപ്പുകള്‍ക്കാധാരം. മാലിയുടെ മധ്യ-വടക്കന്‍ പ്രദേശങ്ങളില്‍ സജീവമായിരിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ ഫ്രഞ്ച് സൈനിക നടപടികള്‍ അവസാനിപ്പിക്കില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്‌സ് ലേ ഡ്രയാന്‍ ആര്‍ടിഎല്‍ റേഡിയോയോട് പറഞ്ഞു. ഇതിനിടെ മാലി പട്ടാള അട്ടിമറിക്ക് പിന്നില്‍ യുഎസ് ഭരണകൂടത്തോട് അടുപ്പുമുള്ള പട്ടാള ഉദ്യോഗസ്ഥനാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് സൂചന നല്‍കി. അട്ടിമറിക്ക് ശേഷം മാലിയുടെ ചുമതല സ്വയം പ്രഖ്യാപിച്ച സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ അസിമി ഗൊയിറ്റയ്ക്ക് അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

പശ്ചിമാഫ്രിക്കയിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സേനയുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സൈനികനാണ് ആഗസ്ത് 22 ന് സ്വയം അധികാരത്തിലേറിയ കേണല്‍ അസിമി ഗൊയിറ്റ. യുഎസ് നേതൃത്വത്തിലുള്ള പരിശീലനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് - ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

Anweshanam
www.anweshanam.com