
ന്യൂഡല്‍ഹി: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജയിലിനു നേരെയുണ്ടായ ഭീകരാക്രമണം നടത്തിയത് മലയാളി ഉള്‍പ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെ.പി. ഇജാസാണ് ഭീകരസംഘത്തിലുണ്ടായിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 50 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കർഹർ പ്രവിശ്യയിലായിരുന്നു സംഭവം. സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്. കാസര്‍കോട് നിന്ന് ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും നേരത്തെ കാണാതായിരുന്നു. ഇവര്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇരുവരും ഒരാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാന്-താലിബാന് സമാധാന കരാറിനെത്തുടര്‍ന്ന് യുഎസും സഖ്യ കക്ഷികളും സൈന്യത്തെ പിന്വലിച്ചശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പോലീസും അഫ്ഗാന് സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇജാസാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയാണ് ഇജാസ്. ഈ കേസില്‍ എറണാകുളം എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
2016-ല്‍ മസ്ക്കറ്റ് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നത്. ഇജാസിന്റെ ഭാര്യയും കുട്ടിയും അഫ്ഗാന് സുരക്ഷാസേനയുടെ കസ്റ്റഡിയിലാണ്.
2013-14ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന വിവരം.
കാസര്‍കോട്ടുനിന്ന് നിരവധി പേര് അഫ്ഗാനിലെ ഐ.എസ് ക്യാമ്പിലേക്ക് പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു നേതൃത്വം നല്‍കിയിരുന്നത് ഇജാസ് ആണെന്നാണ് വിവരം. വിദേശരാജ്യങ്ങളില്‍ പഠനം നടത്തിയ ആളാണ് ഇജാസ്. കുറച്ചുകാലം കാസര്‍കോട്ട് ജോലി നോക്കിയിരുന്നു. പിന്നീട് കൊളംബോ വഴി അഫ്ഗാനിസ്താനിലേക്ക് പോവുകയായിരുന്നു.