
മലപ്പുറം: സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പന്താവൂര്‍ സ്വദേശി കിഴക്കേ വളപ്പില്‍ ഇര്ഷാദിേന്റതെന്ന് (25) സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. എടപ്പാള്‍ പൂക്കരത്തറയിലെ കിണറ്റില്‍നിന്നാണ് ഞായറാഴ്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍പരിശോധനക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച ഒമ്ബതുമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കിണറ്റില്‍ വലിയ അളവില്‍ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താന്‍ വൈകിയത്. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍നിന്ന് മാലിന്യം നീക്കിയാണ് തിരച്ചില്‍ നടത്തിയത്.
ഇര്‍ഷാദിന്റെ സുഹൃത്തുക്കളായ വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ് സുബ്രഹ്മണ്യന്റെ മകന് സുഭാഷ് (35), മേനോന്പറമ്ബില് വേലായുധന്റെ മകന് എബിന്(28)എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്. എടപ്പാള്‍ സ്വദേശിയും പന്താവൂരില്‍ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന് ഇര്‍ഷാദി (25) നെയാണ് 2020 ജൂണ്‍ 11 ന് രാത്രി 9 ന് ശേഷം വീട്ടില്‍ നിന്ന് കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പുതിയ മൊബൈല്‍ ഫോണ്‍ വിലകുറച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരായ പല സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം യുവാവിനെ കാണാതായത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം മലപ്പുറം പോലീസ് മേധാവി, കളക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം ആറ് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍നിന്ന് പ്രതികളായ സുഭാഷ്, എബിന് എന്നിവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ എടപ്പാളിലെ ക്വാര്‍ട്ടേഴ്സില്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതികളുടെ മൊഴി.