ആത്മഹത്യ ചെയ്‌ത യുവതിക്കും മൂന്ന് മക്കൾക്കും പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

ഞായറാഴ്ചയാണ് രഹ്‌നയേയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്
ആത്മഹത്യ ചെയ്‌ത യുവതിക്കും മൂന്ന് മക്കൾക്കും പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

മലപ്പുറം: പോത്തുകല്ലിൽ ആത്മഹത്യ ചെയ്ത യുവതി രഹ്‌നയുടെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് രഹ്‌നയുടെ ഭർത്താവ് വിനേഷിനെ റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ചയാണ് രഹ്‌നയേയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യൻ, അർജ്ജുൻ, അനന്തു എന്നീ കുട്ടികളാണ് മരിച്ചത്. നാല് പേരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്‌നയുടെ പിതാവ് രാജൻകുട്ടി രംഗത്തെത്തിയിരുന്നു.

മകളുടേയും കൊച്ചുമക്കളുടേയും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജൻകുട്ടി ആരോപിച്ചിരുന്നു. വിനേഷിന്റെ ക്വട്ടേഷൻ സംഘമാണ് മകളേയും കൊച്ചുമക്കളേയും കൊന്നത്. വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്‌ന ഇതിനെ എതിർത്തിരുന്നു. മകളേയും കുട്ടികളേയും ഒഴിവാക്കാനായി വിനേഷ് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു രാജൻകുട്ടി ആരോപിച്ചത്. ഇതിനിടെയാണ് വിനേഷിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Stories

Anweshanam
www.anweshanam.com