
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണച്ച് സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തത് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ലതാ മങ്കേഷ്കര്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുത്തിരുന്നു. ഇത്തരത്തില്‍ നിലപാടെടുക്കാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക.
കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു. പിന്നീട് # IndiaAgainstPropaganda, # IndiaTogether എന്നീ ഹാഷ്ടാഗുകളുമായി ഇന്ത്യന്‍ താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വിറ്റ് ചെയ്യുകയായിരുന്നു. പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു.
മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സചിന് സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ കണ്ട് ട്വീറ്റുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചചെയ്തിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അനില്‍ ദേശ്മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്തതാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.