സിപി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

സ്വയരക്ഷയ്ക്ക് വെടിയുതിര്‍ത്ത തണ്ടര്‍ബോള്‍ട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ല.
സിപി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

വയനാട്‌: ലക്കിടിയിലെ റിസോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്. സ്വയരക്ഷയ്ക്ക് വെടിയുതിര്‍ത്ത തണ്ടര്‍ബോള്‍ട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നല്‍കാതിരുന്നതിനേയും മജിസിറ്റീരിയല്‍ റിപ്പോര്‍ട്ട് ന്യായീകരിക്കുന്നു. രക്ഷപ്പെട്ട മാവോയിസ്റ്റിന്റെ പ്രത്യാക്രമണം ഭയന്നാണ് വീണുകിടന്ന ജലീലിന് സമീപത്തേക്ക് പോകാന്‍ സാധിക്കാതിരുന്നതെന്നാണ് പോലീസിന്റെ വാദം. ഒരു മണിക്കൂറിലധികം കാത്തിരുന്നാണ് ജലീലിന്റെ അടുത്തേക്ക് പോകാന്‍ കഴിഞ്ഞതെന്നും പോലീസ് വിശദീകരിച്ചിരുന്നു. ഇത് പൂര്‍ണമായും അംഗീകരിക്കുന്നതാണ് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്.

സംഭവ സമയത്ത് മറ്റൊരാളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ജലീലിന്റെ സഹോദരന്‍ സിപി റഷീദ് നല്‍കിയ തെളിവുകളില്‍ വ്യക്തതയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക്, ബാലസ്റ്റിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതുകൊണ്ടാണ് ഈ തെളിവുകള്‍ പരിഗണിക്കാന്‍ കഴിയാത്തതെന്നാണ് കാരണമായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

തണ്ടര്‍ബോള്‍ട്ടിന്റെ സാന്നിധ്യം മനസിലാക്കി രണ്ട് മാവോയിസ്റ്റുകളില്‍ ഒരാള്‍ വെടിയുതിര്‍ത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ രണ്ടു പേരില്‍ ആരാണ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല.

Related Stories

Anweshanam
www.anweshanam.com