ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് തെളിവ് ഹാജരാക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി

ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം
ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് തെളിവ് ഹാജരാക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കഴിഞ്ഞിട്ടില്ലെന്ന് കോടതി. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം. ജാമ്യപേക്ഷയെ എതിർത്ത് ഇ ഡി നൽകിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.

കേസിൽ ശിവശങ്കറിന് ജാമ്യമില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം തള്ളിയത്. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിനും കോടതി അനുമതി നൽകി.

സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. ഇതു വരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.

അട്ടക്കുളങ്ങര സബ് ജയിലില്‍വച്ച് സ്വപ്‌ന സുരേഷ് ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഉത്തരവില്‍ പറയുന്നുത്. ഈ ഘട്ടത്തില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളെപ്പറ്റി മുന്‍പ് നല്‍കിയ മൊഴികളില്‍ സൂചനയില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവോ എന്നകാര്യത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്ന സൂചനയാണ് ഉത്തരവിലുള്ളത്.

Related Stories

Anweshanam
www.anweshanam.com