എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരിയാണ് കോടതി ഉത്തരവിലുള്ളത്.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരിയാണ് കോടതി ഉത്തരവിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്.

എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ശിവശങ്കറാണ് തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ശിവശങ്കര്‍ കമ്മീഷന്‍ കൈപറ്റിയിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

അതേസമയം, ഇഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. കള്ളക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.

Related Stories

Anweshanam
www.anweshanam.com