എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യലെന്നാണ് സൂചന
എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്തേക്കും. ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. പ്രോട്ടോക്കോള്‍ ലംഘിച്ച്‌ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്.

ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണക്കിലെടുത്താണിത്. സ്വപ്നയുമായുള്ള പണമിടപാട് സംബന്ധിച്ച എം.ശിവശങ്കറിന്‍റെ വാട്സ്‌ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസിന്‍റെ അന്വേഷണപരിധിയിലുണ്ട്.

2017-ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്. എം ശിവശങ്കറിന്‍റെ നി‍ര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കല്‍. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.

ഈന്തപ്പഴ വിതരണത്തിന്‍റെ മറവില്‍ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വര്‍ണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് നിലപാട്. ഹര്‍ജിയില്‍ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.

Related Stories

Anweshanam
www.anweshanam.com