ദേഹാസ്വാസ്ഥ്യം: എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്
ദേഹാസ്വാസ്ഥ്യം: എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കാര്‍ഡിയാക്ക് ഐസിയുവിലാണ് ശിവശങ്കറുള്ളത്.

ചികിത്സ നൽകി വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവിൽ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്.

പുതിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്താനായിരുന്നു നിര്‍ദ്ദേശമെന്നാണ് മനസിലാക്കുന്നത്. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണിൽ മറുപടി നൽകി.

തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അവരുടെ വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്‌ന കടത്തിയ പണം, ലോക്കര്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൂചന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com