കോവിഡ്: പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍

പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ്: പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍

പാലക്കാട്: കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സാമൂഹ്യവ്യാപന സാധ്യത തടയാന്‍ പട്ടാമ്പിയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രബാധിത മേഖലകളിലുള്‍പ്പെടെ 47 കേന്ദ്രങ്ങളില്‍ ദ്രുതപരിശോധക്ക് തുടക്കമിട്ടു.

പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ സമ്പര്‍ക്കം മൂലം 106 പേര്‍ക്കാണ് രണ്ടുദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി നഗരസഭ, സമീപത്തെ 16 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ആശങ്കയേറുന്നത്. ഈ സാഹചര്യത്തിലാണ് മേഖലയില്‍ ദ്രുതപരിശോധന വ്യാപിപ്പിക്കുന്നതും നിയന്ത്രണ കടുപ്പിക്കുന്നതും. 28 തീവ്രബാധിത മേഖലകളുള്‍പ്പെടെ 47 ഇടങ്ങളിലാണ് വ്യാപനം കൂടുന്നത്. മത്സ്യമാര്‍ക്കറ്റുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. പട്ടാമ്പി ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഏഴ് തൃശൂര്‍ സ്വദേശികളും മൂന്ന് മലപ്പുറംകാരും ഉണ്ട്. നെല്ലായ, ചാലിശ്ശേരി, പട്ടിത്തറ കപ്പൂര്‍, നാഗലശ്ശേരി തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് രോഗബാധിതരില്‍ ഏറെയും.

പട്ടാമ്പി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും ആന്റിജന്‍ പരിശോധന തുടരുകയാണ്. പട്ടാമ്പി താലൂക്കും നെല്ലായ പഞ്ചായത്തും പൂര്‍ണമായും അടച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തുന്നുണ്ട്. ആന്റിജന്‍ പരിശോധനക്ക് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും.

പൊന്നാനി, കുന്ദംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളള യാത്രയ്ക്കും നിയന്ത്രണമുണ്ട്. നഗരസഭയിലെ ഓരോ വീടുകള്‍തോറും കയറി വിവരശേഖരണത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ തുടക്കമിട്ടുകഴിഞ്ഞു. രോഗ ലക്ഷണമുളളവരെ പ്രത്യേകം നിരീക്ഷിക്കും. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ, മത്സ്യമാര്‍ക്കറ്റുകളിലും ഉടന്‍ ദ്രുതപരിശോധന നടക്കും. പാലക്കാട്ടെ വിവിധ ആശുപത്രിയില്‍ കഴിയുന്ന 93 പേര്‍ക്ക് രോഗമുക്തിയുണ്ടായത് മാത്രമാണ് നേരിയ ആശ്വാസം.

Related Stories

Anweshanam
www.anweshanam.com