ആദ്യ ഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശമില്ലെങ്കിലും പരമാവധി വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും രംഗത്തിറങ്ങും
ആദ്യ ഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലെങ്കിലും പരമാവധി വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും രംഗത്തിറങ്ങും.

ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം നടക്കുക. കോവിഡ് കാലം പതിവ് പ്രചാരണ രീതികള്‍ക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്ബില്ലാത്ത വിധം തിളച്ചു മറിയുമ്പോഴാണ് വോട്ടെടുപ്പ്.

സൈബര്‍ ഇടങ്ങളിലടക്കം വാക് പോര് കടുപ്പിച്ചാണ് മുന്നണികളുടെ ഏറ്റുമുട്ടല്‍. നാടാകെ ഇളക്കിമറിച്ചുള്ള റാലികളും റോഡ് ഷോകളുമില്ലാതെ മഹാമാരിക്കാലത്തെ വോട്ടെടുപ്പ്. പക്ഷേ കോവിഡിലും തളരാത്ത പോരാട്ടവീര്യമാണ് സംസ്ഥാനത്തുടനീളം കണ്ടത്.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍, പ്രതിപക്ഷനേതാവിനും എംഎല്‍എമാ‍ര്‍ക്കുമെതിരെ സംസ്ഥാന ഏജന്‍സികള്‍. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും സിഎജി പരിശോധനയും യുഡിഎഫ് വെല്‍ഫെയര്‍ ബന്ധങ്ങളും ബിജെപിയിലെ പോരുമടക്കം രാഷ്ട്രീയം ചൂട് പിടിപ്പിക്കാന്‍ വിഷയങ്ങളേറെ.

അഴിമതി ആരോപണങ്ങളും വിവാദങ്ങളുമെല്ലാം മറികടക്കാന്‍ ഇടതിന് ജയം അനിവാര്യം. എതിരാളികള്‍ അഴിമതിയില്‍ ഫോക്കസ് ചെയ്യുന്നത് തന്നെ സര്‍ക്കാറിനെ അട്ടിമറിക്കാനെന്ന് പറഞ്ഞാണ് ഇടത് പ്രചാരണം.

അതേസമയം തദ്ദേശത്തില്‍ തിരിച്ചടി ഉണ്ടായാല്‍ തുടര്‍ഭരണസ്വപ്നത്തിന് തന്നെ വെല്ലുവിളിയാകും. മുഖ്യമന്ത്രിക്കെതിരായ പാര്‍ട്ടിയിലെ നീക്കങ്ങള്‍ സജീവമാകും. സര്‍ക്കാറും സിപിഎമ്മും പ്രതിസന്ധിയിലായ സമയത്ത് യുഡിഎഫിനുള്ളത് വലിയ പ്രതീക്ഷ. ബിജെപിയുടെ കാര്യത്തിൽ കേരളത്തിൽ ഇത്തവണയും വലിയ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിക്കില്ല എന്ന് തന്നെയാണ് കണക്ക് കൂട്ടൽ. 3000 ത്തോളം സീറ്റുകളിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർത്ഥികൾ പോലും ഇല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com