കോവിഡിനെ മറന്ന് കലാശക്കൊട്ട്; കുറ്റിച്ചിറയിലും കൂത്തുപറമ്പിലും സംഘർഷം

മൂന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു
കോവിഡിനെ മറന്ന് കലാശക്കൊട്ട്; കുറ്റിച്ചിറയിലും കൂത്തുപറമ്പിലും സംഘർഷം

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ പലയിടത്തും വിലക്കിനെ മറികടന്ന് കൊട്ടിക്കലാശം. മലപ്പുറത്തും വടകരയിലും കോഴിക്കോട്ടും എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ കൂട്ടമായെത്തി.

മലപ്പുറത്ത് മൂന്നുമണിക്ക് പരസ്യപ്രചാരണം അവസാനിച്ചു. കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ പരസ്യപ്രചാരണം നാലുമണിക്കും പൂര്‍ത്തിയായി. അതിനിടെ കോഴിക്കോട് കുറ്റിച്ചിറയിൽ യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ എറ്റുമുട്ടൽ ഉണ്ടായി. സംഘർഷത്തിന് തൊട്ടുമുൻപ് വരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ സ്ഥലത്തുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിച്ചു.

മലപ്പുറത്ത് മാസ്ക് പോലും ധരിക്കാതെ കുട്ടികളടക്കമുള്ളവർ കലാശക്കൊട്ടിനെത്തി. കൊട്ടിക്കലാശം പാടില്ലെന്ന് മലപ്പുറം കളക്ടര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലയിടത്തും കൊട്ടിക്കലാശം ഉണ്ടായതോടെ കളക്ടര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കി. പോലീസിന്റെ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും കേസെടുക്കുമെന്ന് പറഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു മലപ്പുറത്ത് പലയിടത്തും. പോലീസ് പലയിടത്തും നിയന്ത്രിക്കാനായി പാടുപെടുന്ന കാഴ്ചയാണ് പലയിടത്തും കാണാനായത്.

കലാശക്കൊട്ടിനിടെ കൂത്തുപറമ്പ് കിണവക്കലിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. എൽഡിഎഫ്, യുഡിഎഫ് പ്രചരണ വാഹനങ്ങൾ കിണവക്കലിൽ കേന്ദ്രീകരിച്ചത് പൊലീസ് പിരിച്ച് വിടുന്നതിനിടെയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

കൊട്ടിക്കലാശത്തിനിടെ കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷമുണ്ടായി. പ്രചാരണ പരിപാടികള്‍ ഒരേ സ്ഥലത്ത് എത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചു വിട്ടു. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. ജില്ലയില്‍ കൊട്ടിക്കലാശം പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിലക്കുകളെല്ലാം ലംഘിച്ചായിരുന്നു ആളുകള്‍ എത്തിയത്.

ആര്‍എംപി/യുഡിഎഫുമായി ചേർന്ന് മൽസരിക്കുന്ന വടകരയിലും സംഘടിച്ചെത്തിയ പ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കൂട്ടമായി നിരത്തിലറങ്ങി. കാസർഗോട്ടും മുസ്ലീം ലീഗ് കേന്ദ്രങ്ങളിൽ കലാശക്കൊട്ടിനാൾക്കൂട്ടമെത്തി. മറ്റുജില്ലകളിലില്ലാത്ത വിധം കലാശക്കൊട്ടിന് ആൾക്കൂട്ടമെത്തിയത് ദൃശ്യങ്ങളിൽ കണ്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലിസിന്‍റെ സഹായം തേടി. പൊലിസെത്തിയെങ്കിലും പലയിടത്തും പ്രചാരണസമയം അവസാനിക്കുന്നത് വരെ പ്രവർത്തകർ റോഡിൽ തുടർന്നു.

കാലത്ത് തന്നെ പ്രവർത്തകർ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലായിരുന്നു. വടകരയിൽ കെ മുരളീധരന്‍റെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു. മുക്കത്ത് വെൽഫയർ യുഡിഎഫ് സഖ്യം 6 വാർഡുകളിൽ ബൈക്ക് റാലി നടത്തി. ജില്ലാകളക്ടറുടെ വിലക്ക് ലംഘിച്ചായിരുന്നു പരിപാടികൾ. അവസാന മണിക്കൂറുകളിൽ നേതാക്കൾ നാല് ജില്ലകളിലും സജിവമായി രംഗത്തുണ്ടായിരുന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് 14ന് മൂന്നാംഘട്ട പോളിങ് നടക്കുന്നത്. 16-ാം തീയതിയാണ് വോട്ടെണ്ണൽ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com