സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; തള്ളിയത് 3130ലേറെ പത്രികകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്ക് പ്രകാരം 3130 നാമനിര്‍ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്.
സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; തള്ളിയത് 3130ലേറെ പത്രികകള്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്ക് പ്രകാരം 3130 നാമനിര്‍ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇന്നലെ രാത്രി വൈകിയും പത്രികകളുടെ സൂക്ഷ്മ പരിശോധന തുടര്‍ന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് തള്ളിയത്.

477 പത്രികകള്‍ മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും തള്ളിയിട്ടുണ്ട്. അന്തിമ കണക്ക് ഇന്ന് പുറത്ത് വരും. സൂക്ഷ്മ പരിശോധന കൂടി കഴിഞ്ഞതോടെ മുന്നണികളുടെ പ്രചരണം മുറുകി. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലെ വിവാദവിഷയങ്ങളും പ്രചരണരംഗത്ത് സജീവമാണ്.

അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പില്‍ അതീവ ജാഗ്രത പാലിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നോട്ട് പോവുന്നത്. കൊട്ടിക്കലാശവും പ്രകടനങ്ങളും അടക്കം ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ എട്ട് .പത്ത് ,പതിനാല് തീയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Stories

Anweshanam
www.anweshanam.com