
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. കൊട്ടിക്കലാശം ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചത്.
എന്നാല്‍ ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിൽ എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രവർത്തകർ കലാശക്കൊട്ട് നടത്തി. മറ്റിടങ്ങളിൽ കലാശക്കൊട്ട് ഉണ്ടായിരുന്നില്ല.
അവസാന ദിവസം യുഡിഎഫും എൽഡിഎഫും പരസ്പരം ബിജെപി ബന്ധത്തിൽ പഴിചാരിയപ്പോൾ പ്രചാരണത്തിലെ പിണറായിയുടെ അസാന്നിധ്യമായിരുന്നു ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ആയുധം. തങ്ങളുമായല്ല മറിച്ച് യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്.
അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര് പുരുഷന്മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ചു ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്.