മന്ത്രിസഭാ പുനഃസംഘടന: ചരടുവലികൾ മുറുകുന്നു
കര്‍ണാടകയില്‍ മന്ത്രി പദത്തിലേറാൻ ബിജെപി എംഎൽമാരുടെ ശ്രമം
മന്ത്രിസഭാ പുനഃസംഘടന: ചരടുവലികൾ മുറുകുന്നു

ബംഗളൂരു: കർണാടക മന്ത്രിസഭാ പുന:സംഘടനാ സാധ്യതകൾ തെളിയുന്നതിനിടെ മന്ത്രി പദത്തിലേറാൻ ബിജെപി എംഎൽമാർ ചരടുവലി തുടങ്ങി. നിലവിലുള്ള നാല് മന്ത്രിമാരെ ഒഴിവാക്കി പുതിയ മന്ത്രിമാരാക്കുവാനുള്ള നീക്കങ്ങൾ ശക്തിപ്പെട്ടിരിക്കുകയാണ്. 24 ബിജെപി എംഎൽമാരെ ഈയ്യിടെ സർക്കാർ ബോർഡു - കോർപ്പറേഷനുകളിലെ അദ്ധ്യക്ഷന്മാരായി അവരോധിച്ചിരുന്നു. ഇതോടെയാണ് മന്ത്രിസഭാ പുന:സംഘടനക്ക് മുഖ്യമന്ത്രി യദ്യൂരപ്പ മുതിരുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എട്ടുതവണ എംഎൽഎയായ തടരുന്ന ഉമേഷ് കറ്റിയും മുതിർന്ന എംഎൽഎ എച്ച് ജി തിപ്പ റെഡിയും മന്ത്രിയാകുന്ന ഉറച്ച വിശ്വാസത്തിലാണ്. തിപ്പ റെഡിക്ക് ബോർഡുചെയർമാൻ പദവി നൽകിയെങ്കിലും അത് സ്വീകരിയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് പ്രസ്തുത ഉത്തരവ് സർക്കാർ പിൻവലച്ചു.

മന്ത്രിസഭാ പുന:സംഘടനയും മന്ത്രിമാരെ നിശ്ചയിക്കുന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതേസമയം പാർട്ടിയുടെ ഏറ്റവും മുതിർന്ന എംഎൽഎമാരായ തന്നെയും തിപ്പയെയും മന്ത്രിസഭയിലുൾപ്പെടുത്തുമെന്നു തന്നെയാണ് പ്രതീക്ഷ - ഉമേഷ്കറ്റി പറഞ്ഞു.

മറ്റൊരു മുതിർന്ന എംഎൽഎ കെപി കുമാരസ്വാമിയും വാഗ്ദാനം ചെയ്യപ്പെട്ട ബോർഡ് ചെയർമാൻ സ്ഥാനം നിരസിച്ചു. മന്ത്രി സ്ഥാനമാണ് ഇദ്ദേഹവും ലക്ഷ്യംവയ്ക്കുന്നത്. യദ്യൂരപ്പ മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ മന്ത്രിപദം നൽകാത്തതിൽ പ്രത്യക്ഷമായി തന്നെ പ്രതിഷേധിച്ച എംഎഎൽയാണ് ഇദ്ദേഹം.

ഇതിനിടെ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും വനിത ശിശുക്ഷേമ മന്ത്രി ശശികല ജോലെയും ഡല്‍ഹിയിലെത്തി. ബിജെപി ദേശീയ നേതാക്കളെ സന്ദർശിച്ച് മന്ത്രിസഭാ പുന:സംഘടനയിൽ തങ്ങളുടെ താല്പര്യങ്ങൾ ഉറപ്പിച്ചെടുക്കുകയെന്നതാണ് ഇവരുടെ ആഗമന ലക്ഷ്യം.

കുമാരസ്വാമി മന്ത്രിസഭയെ പൊളിച്ച് ബിജെപി പാളയത്തിലെത്തിയവർക്ക് മന്ത്രിസഭയിലിടം നൽകപ്പെട്ടതിലെ മുറുമുറുപ്പുകൾ പാർട്ടി എംഎൽഎമാർക്കിടയിൽ ശക്തമാണ്.

മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് പകരക്കാരനെ തേടുന്നുവെന്ന പ്രചരണവുമുണ്ട്. ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി മുഖ്യ പദത്തിൽ കണ്ണുവച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണത്രെ ഇപ്പോൾ സാദവി ഡല്‍ഹിയിൽ കറങ്ങുന്നത്. മന്ത്രി സ്ഥാനത്തിനുള്ള വേണ്ടിയുള്ള ചരടുവലികൾ മന്ത്രിസഭാ പുനഃസംഘടന പ്രതിസന്ധിയിലാക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Related Stories

Anweshanam
www.anweshanam.com