ലൈഫ് മിഷന്‍: വിദേശസഹായം സ്വീകരിച്ചിട്ടില്ല, സിബിഐയുടെ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

സിബിഐയുടെ അന്വേഷണസ്വാതന്ത്ര്യത്തെയല്ല, തെറ്റായ കാര്യങ്ങളെഴുതിയ എഫ്ഐആറിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 ലൈഫ് മിഷന്‍: വിദേശസഹായം സ്വീകരിച്ചിട്ടില്ല, സിബിഐയുടെ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായ സഹായം തേടുമ്ബോള്‍ എതിര്‍പ്പുയര്‍ത്തുന്നത് പരിഹാസ്യമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐയുടെ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറയുന്നു.

സി.ബി.ഐ ചുമത്തിയത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കുറ്റങ്ങളല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു സഹായവും വിദേശത്തുനിന്നും സ്വീകരിച്ചിട്ടില്ല. കോടതിയില്‍ പോയത് തെറ്റായ നടപടിയല്ല. കോടതിയുടെ വാക്കാലുള്ള പരാമര്‍ശം തിരിച്ചടി എന്ന രീതിയില്‍ വ്യാഖ്യാനിക്കരുത്. എഫ്.സി.ആര്‍.എ ആക്‌ട് 2010ന്റെ ലംഘനം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മാണ പദ്ധതിയില്‍ ഉണ്ടായിട്ടില്ല. ലൈഫ് മിഷന്‍ ഒരു വിദേശസംഭാവനയും സ്വീകരിച്ചിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ സംവിധാനത്തിൽ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രസർക്കാർ ഇടപെടുന്നത് അനുവദിക്കാനാകില്ല. ഇതിനെ എതിർക്കും. സിബിഐയുടെ അന്വേഷണസ്വാതന്ത്ര്യത്തെയല്ല, തെറ്റായ കാര്യങ്ങളെഴുതിയ എഫ്ഐആറിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ചെയ്ത പോലെ സിബിഐയ്ക്ക് പൊതു അന്വേഷണം നടത്തുന്നത് വിലക്കുകയല്ല സർക്കാർ ചെയ്തത്. അഴിമതി നടന്നാൽ കണ്ടെത്താനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനെ എതിർക്കും. നിയമക്കുരുക്കുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ സർക്കാർ നിയമപരമായി നേരിടാൻ ശ്രമിക്കുമ്പോൾ എതിർക്കുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com