
തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്. സമരം ഇനിയും ശക്തമാക്കുമെന്നും മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങളെങ്കിലും നടക്കണം. താത്കാലിക ജീവനക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്, പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായത്. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍, 10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ ഇന്ന് പരിഗണിച്ചില്ല.