ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു
ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

ഏറ്റുമാനൂര്‍: ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനൂരില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അവർ പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് കടുംപിടിത്തത്തിലാണ് എന്നാണ് നേതൃത്വം പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പറഞ്ഞത് ഞങ്ങള്‍ക്ക് വലിയ നിര്‍ബന്ധമൊന്നും ഇല്ലായിരുന്നു, നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ്. സ്ത്രീകളുടെ വിഷമം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര വലിയ രാജ്യസേവനം ചെയ്തതുകൊണ്ടും കാര്യമില്ല. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിക്കുന്നതായി എ.കെ. ആന്റണി ഉള്‍പ്പടെയുളളവരെ അറിയിച്ചിരുന്നുവെന്നും ഇല്ലങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് മാര്‍ച്ച് എട്ടിനുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ലതിക പറഞ്ഞു.

ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് തല മുണ്ഡനം ചെയ്ത് പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് മുതല്‍ 30 വര്‍ഷത്തെ തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുളള തന്റെ തീരുമാനം ലതിക പ്രഖ്യാപിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com