ലഡാക്കിലെ സംഘർഷാവസ്ഥ: സാഹചര്യം വിലയിരുത്തി മോദി, നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈന
Top News

ലഡാക്കിലെ സംഘർഷാവസ്ഥ: സാഹചര്യം വിലയിരുത്തി മോദി, നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈന

ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. എന്നാൽ, ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ആശയവിനിമയം തുടരുന്നു എന്നും ചൈന പ്രസ്താവിച്ചു.

ശനിയാഴ്ച രാത്രി ചൈന നടത്തിയ പ്രകോപനപരമായ സൈനിക നീക്കം തടഞ്ഞതായാണ് ഇന്ത്യന്‍ കരസേന റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്നുള്ള സ്ഥിതി തണുപ്പിക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ക്കിടയിലെ ഫ്ളാഗ് മീറ്റിംഗ് തുടരുകയാണ്. രണ്ടര മാസത്തിനു ശേഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷസ്ഥിതിയുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രി ചൈനീസ് പട്ടാളം കടന്നുകയറാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.

പാങ്ഗോംഗ് തടാകത്തിന്‍റെ തെക്കന്‍ തീരത്ത് ചൈന പ്രകോപനത്തിന് ഇടയാക്കിയ സൈനിക നീക്കം നടത്തിയെന്ന് കരസേന പ്രസ്താവനയില്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്‍റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കരസേനയുടെ പ്രസ്താവന പറയുന്നു.

നേരത്തെ പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരത്ത് കടന്നുകയറിയ ചൈന പൂര്‍ണ്ണ പിന്‍മാറ്റത്തിന് ഇതുവരെ തയ്യാറായിട്ടില്ല. തെക്കന്‍ തീരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇന്ത്യന്‍ സേന തകര്‍ത്തതെന്നാണ് സൂചന. എന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെയായിരുന്നു പ്രതിരോധം. കൂടുതല്‍ സേനയെ ഈ മേഖലയില്‍ എത്തിച്ചു.

Anweshanam
www.anweshanam.com